Monday, 10 October 2011

ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ് അന്തരിച്ചു


മുംബൈ: വിഖ്യാത ഗസല്‍ ഗായകനും സംഗീതജ്ഞനുമായ ജഗ്ജിത് സിങ്(70) അന്തരിച്ചു. മുംബൈയിലെ ലീലാവതി ആസ്പത്രിയില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബര്‍ 23 നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗസല്‍ ഗായകന്‍ എന്നതിനൊപ്പം സംഗീതജ്ഞനെന്ന നിലയിലും അഞ്ച് ദശാബ്ദം നീണ്ട സംഗീത സപര്യയ്ക്കാണ് ജഗ്ജിത് സിങ്ങിന്റെ വേര്‍പാടിലൂടെ വിരാമമാകുന്നത്. 'ഗസല്‍ രാജാവ'ായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗസല്‍ ഗായികയായ ചിത്ര സിങ്ങാണ് ഭാര്യ. ജഗ്ജിത് സിങ്ങും ചിത്ര സിങ്ങും ആധുനിക ഗസല്‍ ഗായകരിലെ കുലപതികളായി വാഴ്ത്തപ്പെടുന്നു.

70 കളിലും 80 കളിലും സംഗീതലോകത്ത് നിറഞ്ഞുനിന്ന സാന്നിധ്യമായിരുന്നു ജഗ്ജിത്-ചിത്ര ദമ്പതികള്‍. പഞ്ചാബി, ഹിന്ദി, ഉറുദു, ബംഗാളി, ഗുജറാത്തി, സിന്ധി, നേപ്പാളി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. 2003 ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പ്രേംഗീത്, ആര്‍ഥ്, സാത് സാത് തുടങ്ങിയ സിനിമകളിലൂടെ പിന്നണി ഗായകനായും അദ്ദേഹം തിളങ്ങി. 80 ലധികം ആല്‍ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലായിരുന്നു ജഗ്ജിത് സിങ്ങിന്റെ ജനനം. ജീത് എന്നായിരുന്നു ചെറുപ്പത്തിലെ അദ്ദേഹത്തിന്റെ വിളിപ്പേര്. പണ്ഡിറ്റ് ഛഗന്‍ലാല്‍ ശര്‍മ്മയുടെ കീഴിലായിരുന്നു കുട്ടിക്കാലത്തെ സംഗീതപഠനം. അതിന് ശേഷം സൈനിയ ഘരാന സ്‌കൂളില്‍ ഉസ്താദ് ജമാലാല്‍ ഖാന്റെ ശിഷ്യനായി നീണ്ട ആറ് വര്‍ഷം സംഗീതത്തിനായി സമര്‍പ്പിച്ചു. പ്രഫസറായ സൂരജ് ഭാനാണ് ജഗ്ജിത് സിങ്ങിലെ സംഗീതപ്രതിഭയെ കണ്ടെത്തിയത്. നൂര്‍ ജഹാന്‍, മല്ലിക പുഖ്‌രാജ്, ബീഗം അക്തര്‍, മെഹ്ദി ഹസ്സന്‍ എന്നിവര്‍ക്കായിരുന്നു 1970 കളില്‍ ഗസല്‍ ലോകത്ത് ഏറെ ആരാധകരുണ്ടായിരുന്നത്.

ഇവര്‍ക്കിടയിലേക്കാണ് 1976 ല്‍ 'ദി അണ്‍ഫോര്‍ഗെറ്റബിള്‍സ്' എന്ന ആല്‍ബവുമായി ജഗ്ജിത് സിങ് രംഗപ്രവേശം ചെയ്യുന്നത്. പരമ്പരാഗത ഗസല്‍ ശൈലിയില്‍ അതുവരെ പരിചിതമല്ലാത്ത ശബ്ദമായിരുന്നു ജഗ്ജിതിനെ ഏറെ ജനപ്രിയനാക്കിയത്. 1967 ലാണ് ജഗ്ജിത് ചിത്രയെ കണ്ടുമുട്ടുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ വിവാഹിതരായി. എക്റ്റസിസ്, എ സൗണ്ട് അഫയര്‍, പാഷന്‍സ്. ജഗ്ജിത്-ചിത്ര ദമ്പതികളുടെ സൂപ്പര്‍ ഹിറ്റ് ആല്‍ബങ്ങളാണ് ഇവ. ജഗ്ജിത്-ചിത്ര ദമ്പതികള്‍ ആധുനിക ഇന്ത്യന്‍ ഗസലിന്റെ ഒന്നാം പേരുകാരാണ്. ഏക മകന്‍ വിവേകിന്റെ മരണത്തോടെയാണ് ചിത്ര പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷയായത്. 1990 ജൂലായ് 28 നാണ് വിവേക് കാറപകടത്തില്‍ മരിച്ചത്. സംവണ്‍ സംവേര്‍ ആണ് ഇവര്‍ ഒരുമിച്ച് പാടിയ അവസാന ആല്‍ബം. ഹോപ്, ഇന്‍ സേര്‍ച്ച്, ഇന്‍സൈറ്റ്, മിറാഷ്, വിഷന്‍സ്, ലവ് ഈസ് ബ്ലൈന്‍ഡ്-ജഗ്ജിത് സിങ്ങിന്റെ ഏറെ ജനപ്രിയ ആല്‍ബങ്ങളാണിവ.

ഗുരുദ്വാരകളില്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചായിരുന്നു സംഗീതയാത്രയുടെ തുടക്കം. സംഗീതലോകത്ത് ഇടം തേടി 1961 ല്‍ മുംബൈയിലെത്തിയ ജഗ്ജിതിന്റെ പിന്നണി ഗായകനാകാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. തിരിച്ച് ജലന്ദറിലേക്ക് തന്നെ മടങ്ങി. എങ്കിലും സംഗീതത്തെ ഉപേക്ഷിച്ചില്ല. 1965 ല്‍ വീണ്ടും സ്വപ്‌നങ്ങളുടെ നഗരത്തിലേക്ക് തിരിച്ചെത്തി. ചിത്രയുമായുള്ള കണ്ടുമുട്ടലാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. വ്യക്തിജീവതത്തിനപ്പുറം സംഗീതരംഗത്ത് അതിന് ശേഷം സ്വപ്‌നതുല്യമായ ജൈത്രയാത്രയായിരുന്നു അദ്ദേഹത്തിന്റേത്.

1975 ല്‍ ദി അണ്‍ഫോര്‍ഗറ്റബിളിന്റെ പിറവി. ജഗ്ജീതിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പിന്നാലെ വന്നു ബിര്‍ഹ ദാ സുല്‍ത്താന്‍. ജഗ്ജീതും ചിത്രയും ചേര്‍ന്ന് ആലപിച്ച കം എലൈവ്, ലിവ് അറ്റ് വെംബ്ലി, ലിവ് അറ്റ് റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍. ലോകം വാഴ്ത്തുകയായിരുന്നു ഈ ശബ്ദസൗകുമാര്യത്തെ.

അടുത്തതായി സിനിമാ പിന്നണിയിലേക്കുള്ള കടന്നുവരവായിരുന്നു. തും ഇത്‌ന ജോ മുസ്‌കുരാ രഹേ ഹോ എന്ന ഗാനം ഇന്നും ആസ്വദക ഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്നു. 1987 ല്‍ ജഗ്ജീത് 'ബിയോണ്‍ഡ് ടൈം' എന്ന പേരില്‍ ഡിജിറ്റല്‍ സിഡി പുറത്തിറക്കി. ഒരു ഇന്ത്യന്‍ സംഗീതജ്ഞന്റെ ആദ്യ സംരംഭമായിരുന്നു ഇത്. ഗുല്‍സാറിന്റെ സപ്രസിദ്ധമായ ടി.വി സീരിയലായ മിര്‍സയ്ക്ക് സംഗീതം ഒരുക്കി.

ഒന്നൊന്നായി ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും ഇക്കാലത്തുണ്ടായി. ഏക മകന്‍ വിവേകിന്റെ അകാലത്തിലുള്ള വേര്‍പാട്. ചിത്ര അതോടെ സംഗീതലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞു. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയി എഴുതിയ പാട്ടുകള്‍ ചിട്ടപ്പെടുത്തിയ ഒരേയൊരു സംഗീതജ്ഞനും ജഗ്ജീതാണ്.

പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന തബലയും സാരംഗിക്കും പുറമേ ഗസലുകളില്‍ പല ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്താനും ജഗ്ജീത് ശ്രദ്ധ പുലര്‍ത്തി. 'സംഗീതം പ്രചോദനമായിരിക്കണം. അല്ലാതെ മത്സരത്തിനുള്ളതാവരുത് എന്ന നിലപാടായിരുന്നു അദ്ദേഹത്തിനുള്ളത്. മത്സരം എപ്പോള്‍ കടന്നുവരുന്നോ അപ്പോള്‍ മുതല്‍ സംഗീതത്തിന് അതിന്റെ ആത്മാവ് നഷ്ടപ്പെടുന്നു എന്നതായിരുന്നു ഗസല്‍ രാജാവിന്റെ പക്ഷം. താത്കാലികമായ കീര്‍ത്തിമാത്രമാണ് ഏവരുടെയും നോട്ടം. അല്ലാതെ സമര്‍പ്പണവും തുടര്‍ച്ചയായ പരിശീലനവും സംഗീതരംഗത്ത് നിന്ന് അപ്രത്യക്ഷമാകുന്നുവെന്ന് വേദനയോടെ അദ്ദേഹം പങ്കുവെച്ചിരുന്നു. സംഗീതം വളരെ ആഴമേറിയ വിഷയമാണ്. അതില്‍ കണക്കും വ്യാകരണവുമൊക്കെയുണ്ട്. ഇത് എല്ലാം മനസ്സിലാക്കാന്‍ കഴിയാതെ ഒരാള്‍ക്കും നല്ല ഗായകനാകാനാകില്ല. ഒരാള്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും സംഗീതം അഭ്യസിച്ച ശേഷമാവണം ഗസലുകള്‍ പാടിത്തുടങ്ങാനെന്ന് ജഗ്ജീത് ഒരിക്കല്‍ പറയുകയുണ്ടായി. ശുദ്ധ സംഗീതത്തിനായി ആരും സമര്‍പ്പിക്കാന്‍ തയാറാകാതെ സാങ്കേതികതയില്‍ ആഴ്ന്ന സംഗീതലോകത്തിന് ഇത് ഒരു ചോദ്യചിഹ്നമാണ്.

തും ഇത്തന ജോ മുസ്‌കര രഹേ ഹോ, ആപ്‌നി മര്‍സി സേ കഹാന്‍ ആപ്‌നെ സഫര്‍ കി ഹം ഹേന്‍, പെഹലേ ഹര്‍ ചീസ് തി ആപ്‌നി മഗര്‍ ആബ് ലഗ്താ ഹേ ആപ്‌നെ ഹി ഖര്‍ മേന്‍ കിസി ദൂസരേ ഖര്‍ കെ ഹം ഹേന്‍ തുടങ്ങിയവ ആര്‍ക്കാണ് മറക്കാനാകുക. വിരഹഗാനമായി ഒരു വേര്‍പാട് കൂടി.

source : mathrubhumi

No comments:

Post a Comment